ദോഹ:
അശരണരുടെയും അഗതികളുടെയും പരാധീനതകള്‍ പരിഗണിക്കാനും പരിഹരിക്കാനും പ്രഥമ
പരിഗണന നല്‍കണം.ആലംബ ഹീനരുടെ കണ്ണീരൊപ്പാന്‍ ആവുന്നതൊക്കെ ചെയ്യണം.ഹമീദ്
ആര്‍.കെ പറഞ്ഞു.ഖത്തര്‍ മഹല്ലു അസോസിയേഷന്‍ തിരുനെല്ലൂര്‍ പ്രഥമ
പ്രവര്‍ത്തക സമിതി ഉദ്‌ഘാടനം ചെയ്‌തു കൊണ്ട്
സംസാരിക്കുകയായിരുന്നു.സീനിയര്‍ അംഗം. തുടര്‍ച്ചയയായി ചെയ്‌തു
കൊണ്ടിരിക്കുന്ന വിപുലവും വ്യവസ്ഥാപിതവുമായ കാരുണ്യ പ്രവര്‍ത്തനങ്ങള്‍
ശ്ലാഘനീയമാണ്.ഇത് ഒരിക്കലും ഒരു നഷ്‌ട കച്ചവടമായിരിക്കില്ല.തികച്ചും
പ്രതികൂലമായ ദോഹയിലെ കാലാവസ്ഥയില്‍ ഒരുമിച്ചിരുന്ന് നാടിന്റെയും
മഹല്ലിന്റെയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മാനസീകാവസ്ഥ വലിയ
അനുഗ്രഹമാണെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
മഹല്ലിന്റെ
സമഗ്ര വികസനം നമ്മുടെ അജണ്ടയുടെ ഭാഗമാണ്.ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള
ഇത്തരം പദ്ധതികള്‍ സ്വദേശത്തും വിദേശത്തും ഉള്ളവരുടെ കൂടെ
ആലോചനകളിലേയ്‌ക്ക് സന്നിവേശിപ്പിക്കാനുള്ള ശ്രമം ഖ്യു.മാറ്റ്
നടത്തും.ഹൃസ്വകാല ഇടക്കാല പദ്ധതികളും ആസൂത്രണങ്ങളും നടപ്പില്‍
വരുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് സദസ്സ്
സമ്പന്നമാകണം.പ്രസിഡന്റ് ഷറഫു ഹമീദ് തന്റെ ആമുഖത്തില്‍
അഭ്യര്‍ഥിച്ചു.പ്രകടമായ ദാരിദ്ര്യത്തെ കുറിച്ച് മാത്രമല്ല ആത്മീയമായ
ദാരിദ്ര്യത്തെ കുറിച്ചും ഉറക്കെ ചിന്തിക്കണം.മാതാ പിതാക്കള്‍ മക്കള്‍
കുടുംബം എല്ലാം നമുക്ക് വിഷയമാണ്. പരിമിതികളില്‍ നിന്നു കൊണ്ട് ചില
നീക്കങ്ങള്‍ ഇവ്വിഷയത്തിലും അനിവാര്യമാണ്.ഷറഫു ഹമീദ് ഓര്‍മ്മിപ്പിച്ചു.
സന്നദ്ധ
സംരംഭങ്ങളില്‍ ശ്രദ്ധയൂന്നാനുള്ള ആഹ്വാനം തന്നെയായിരുന്നു വൈസ്
പ്രസിഡന്റ് കെ.ജി റഷീദും,ട്രഷറര്‍ സലീം നാലകത്തും,സെക്രട്ടറി ഷൈദാജും
ആശംസാ പ്രസംഗങ്ങളില്‍ അടിവരയിട്ടത്.സഹോദര സമുദായാംഗങ്ങളെ ചതുര്‍മാസ
സംഗമങ്ങളില്‍ ഉള്‍പെടുത്തേണ്ടതിന്റെ അനിവാര്യത അബ്‌ദുല്‍ ഖാദര്‍ പുതിയ
വിട്ടില്‍ ഒര്‍മ്മിപ്പിച്ചു.ശേഷം ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ യുടെ
വിശദമായ റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും നടന്നു.
തുടര്‍ന്ന്
അംഗങ്ങള്‍ക്ക് സഭയെ അഭിമുഖീകരിച്ച് സംസാരിക്കാനുള്ള അവസരം
നല്‍കപ്പെട്ടു.അബ്‌ദുല്‍ ഖാദര്‍ പുതിയവീട്ടില്‍,അബു മുഹമ്മദ് മോന്‍,അനസ്
ഉമര്‍,ആരിഫ് ഖാസ്സിം,ഹമീദ് ആര്‍.കെ,ജാബിര്‍ ഉമര്‍ , ലത്വീഫ്
അഹമ്മദ്,നസീര്‍ മുഹമ്മദ്, അബ്‌ദുല്‍ നാസര്‍ അബ്‌ദുല്‍ കരീം,റഷാദ്
കെ.ജി,റഷിദ് കെ.ജി,സലീം നാലകത്ത്,ഷഹിര്‍ പി.എ,ഷൈദാജ് മൂക്കലെ,ഷമീര്‍
കുഞ്ഞു,ഷിഹാബ് ആര്‍.കെ,ഷൈബു ഖാദര്‍ മോന്‍,താജുദ്ധീന്‍ എന്‍.വി,തൗഫീഖ്
താജുദ്ധീന്‍,യൂസഫ് ഹമീദ് എന്നിവര്‍ തങ്ങളുടെ പ്രഥമ പ്രവര്‍ത്തക സമിതി
സംഗമ അവസരം വിനിയോഗിച്ചു.മൂന്നു മിനിറ്റില്‍ അധികരിക്കാതെ പുതു
മുഖങ്ങളടക്കം എല്ലാവരും തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കു വെച്ചു.
സമൂഹത്തില്‍
നിന്നും ചോര്‍ന്നു പോയിക്കൊണ്ടിരിക്കുന്ന ധാര്‍മ്മിക മൂല്യങ്ങള്‍
തിരിച്ചു പിടിക്കാനുള്ള നല്ല ശ്രമങ്ങള്‍ ആവശ്യമാണെന്ന് അംഗങ്ങള്‍
അഭിപ്രായപ്പെട്ടു.വൈവാഹിക ബന്ധങ്ങളിലെ ഉലച്ചില്‍, കുടുംബങ്ങളിലും കൂട്ടു
കുടുംബങ്ങളിലും പരസ്‌പര ബന്ധങ്ങളിലും വന്നു കൊണ്ടിരിക്കുന്ന വിടവുകള്‍
തുടങ്ങി പലതും ഇസ്‌ലാമിക മൂല്യങ്ങളും പാഠങ്ങളും ബുദ്ധിപൂര്‍വ്വവും
ബോധപൂര്‍വ്വവും ഗ്രഹിക്കാത്തതിന്റെ തിക്തഫലങ്ങളാണെന്നും അഭിപ്രായം
ഉയര്‍ന്നു.സമയവും സന്ദര്‍ഭവും നോക്കി സാമൂഹികാവബോധം ലക്ഷ്യമാക്കി ഒരു
മുഴു ദിന ക്യാമ്പിനെ കുറിച്ച് ആലോചിക്കാമെന്ന് അധ്യക്ഷന്‍ പ്രതികരിച്ചു.
ചര്‍ച്ചയിലും സമവായത്തിലും ഉരുത്തിരിഞ്ഞ കാര്യങ്ങള്‍ ഹൃസ്വമായി പരാമര്‍ശിക്കാം:-
ഖ്യു.മാറ്റ്
അംഗങ്ങള്‍ക്ക് പ്രവാസ കാലത്ത് അത്യാഹിതങ്ങളൊ ജീവഹാനിയൊ സംഭവിച്ചാല്‍
അനുവദിക്കുന്ന സ്നേഹ സ്‌പര്‍ശം തുടരാന്‍ ധാരണയായി.ഈ പദ്ധതി 2016 മുതല്‍
പ്രാബല്യത്തിലുണ്ട്.നിശ്ചിത തുക അംഗങ്ങളില്‍ നിന്നും ശേഖരിച്ച് സ്നേഹ
സ്‌പര്‍ശത്തിനുള്ള തുക സമാഹരിക്കും.കാത്തു കാത്തിരുന്ന സുവനീര്‍ പ്രകാശനം
വരുന്ന ചെറിയ പെരുന്നാളിനു നിര്‍വഹിക്കും.ത്രൈമാസ/ചതുര്‍മാസ അജണ്ടയില്‍
പ്രഥമ സ്ഥാനം തുടര്‍ന്നു കൊണ്ടിരിക്കുന്ന സാന്ത്വന സഹായമായിരിക്കും.കഴിഞ്ഞ
കാലയളവില്‍ അമ്പതോളം പേരായിരുന്നു ഈ പദ്ധതിയുടെ ഗുണ ഭോക്താക്കള്‍.പുതിയ
അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ യഥോചിതം പ്രായോജകരെ കണ്ടെത്തി സാന്ത്വനം
വിപുലപ്പെടുത്തും.വിദ്യാര്‍ഥി വിദ്യാര്‍ഥിനികളെ പരീക്ഷാ കാലത്തിനു
സജ്ജമാക്കാനും പ്രോത്സാഹിപ്പിക്കാനുമുതകുന്ന പഠനക്കളരി; ഇപ്പോള്‍ അവധിയില്‍
നാട്ടിലുള്ള സെക്രട്ടറി ഹാരിസ് അബ്ബാസിന്റെ നേതൃത്വത്തില്‍
സംഘടിപ്പിക്കും.വിവാഹ സഹായാഭ്യര്‍ഥനകള്‍ക്ക് ഒരു നിശ്ചിത വിഹിതം മാത്രം
അനുവദിക്കാനും;ഈ ആവശ്യാര്‍ഥം സ്വതന്ത്രമായ ഫണ്ട് സ്വരൂപിക്കാനും
തീരുമാനിച്ചു.അനുയോജ്യമായ സമയവും സന്ദര്‍ഭവും കണ്ടെത്തി ഒരു ഒത്തു കൂടല്‍
ഒരുക്കാന്‍ തിരുമാനിച്ചു.
ഖത്തര്‍ മഹല്ലു അസോസിയേഷന്‍
തിരുനെല്ലുരിന് തയാറാക്കപെട്ട മാര്‍ഗ നിര്‍ദേശക രേഖ പ്രവര്‍ത്തക
സമിതിയിലും നിര്‍വാഹക സമിതിയിലും അഭിപ്രായ സമന്വയം നടത്തിയതിനു ശേഷം
അടുത്ത ത്രൈമാസ/ചതുര്‍മാസ സംഗമത്തില്‍ ജനറല്‍ ബോഡിയുടെ അംഗീകാരം നേടാന്‍
തീരുമാനിച്ചു.
ആരോഗ്യ കേന്ദ്രം, പള്ളി - മദ്രസ്സാങ്കണ
ശുചീകരണവും സൗന്ദര്യ വത്കരണവും,പള്ളി കുളവും അനുബന്ധ പദ്ധതികളും, മരം
നടീല്‍ തുടങ്ങിയവയും വിഭാവനയിലുണ്ടെങ്കിലും ഒരു മൂര്‍ത്ത രൂപം
ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ് വന്നിട്ടില്ല.
ഊര്‍ജജസ്വലരായ
പുതുമുഖങ്ങള്‍ ഈ സമിതിയുടെ ഐശ്വര്യമാണ്.അവരുടെ സങ്കല്‍പങ്ങളും
വീക്ഷണങ്ങളും വിലപ്പെട്ടതും.ഇക്കരെയിരുന്നും അക്കരയെ മറക്കാതെ സ്വപ്നങ്ങള്‍
നെയ്യുകയാണ്.കഴിയുന്നതും കഴിയാത്തതും എന്നൊരു തരം തിരിവ്
ആവശ്യമില്ല.കഴിയാത്തതെന്നു തോന്നുന്നത് ആത്മ വിശ്വാസത്തോടെ
ഏറ്റെടുക്കുകയാണ് വേണ്ടത്.കേവലമായ ഒരു നേതൃത്വവും സമിതിയും സഭയും
എന്നതല്ല നമ്മുടെ കാഴ്‌ചപ്പാട്.പ്രവര്‍ത്തന നൈരന്തര്യമായിരിക്കണം ഖത്തര്‍
മഹല്ലു അസോസിയേഷന്റെ മുഖ മുദ്ര.സമാപന പ്രസംഗത്തില്‍ അസീസ് മഞ്ഞിയില്‍
ഉണര്‍ത്തി.
ജനറല്‍ സെക്രട്ടറി ഷിഹാബ് എം.ഐ യുടെ
പ്രാര്‍ഥനയോടെ തുടങ്ങിയ യോഗം രാത്രി 9.45 ന് സമാപിച്ചു.അവധിയില്‍
നാട്ടിലുള്ള 5 പേരും അനിവാര്യമായ കാരണങ്ങളാല്‍ ഹാജറാകാന്‍ കഴിയാത്ത അംഗവും
ഒഴികെ 23 പേരും യോഗത്തില്‍ സംബന്ധിച്ചു.